Sunday, December 16, 2012

ശിക്ഷ

നീ മന്ദം മുട്ടി വിളിച്ചപ്പോളാണ്
എന്‍റെ ഹൃദയത്തിന്‍ വാതായനം തുറന്നത് 
നനു നനുത്ത ഭാഗങ്ങളില്‍ നിനക്ക് 
തണുപ്പ് അസഹ്യമാവുമെന്നു ഭയന്നാണ് 
എന്റെ ഹൃദയത്തില്‍ ഇളം ചൂട് പടര്‍ന്നത് 
ഒരു പൂവും, ഒരു വസന്തം തന്നെയും 
നിനക്കായോരുക്കാന്‍ ഞാനൊരുമ്പെട്ടപ്പോളാണ്
നീ എന്നോട് യാത്രയോതാന്‍ നിന്നത് ...
ഇനി വീണ്ടും എനിക്ക് ഞാനും നിനക്ക് നീയും 
ഒരു വാക്ക് കൊണ്ട്, ഒരു നോക്ക് കൊണ്ട് 
ഒരു കൈ തലോടല്‍ കൊണ്ട് മാറ്റാവുന്ന 
പരിഭവങ്ങളെ തന്നെ നാം വലിച്ചു നീട്ടി,
നമ്മുടെ വിത്തുകളില്‍ വിഷം തളിച്ചത് 
നാം തന്നെയാണ്, അതെ, ഞാനും നീയും,
വിഷം പുരണ്ട മനസുമായി അവന്‍ 
ആദ്യം കൊന്നത് നിന്നെതന്നെയാണ്... 
ചെയ്തു കൂട്ടിയ പാപങ്ങള്‍ക്കുള്ള ശിക്ഷ..!

ഒരു കുഞ്ഞു മരമാകുവോളം വാത്സല്യം-
പകരാനാവില്ലെന്നുള്ളവര്‍ ഇനിയുമിവിടെ 
വിത്തിടാനോ മുളപ്പിക്കാനോ മുതിരരുത്.
നിന്‍റെ വികാരങ്ങളെ ശമിപ്പിക്കാനായി 
പില്ലുകളുണ്ടാവും, എണ്ണകളും ഉറകളും 
ഒരു മാത്രയുടെ സുഖത്തിന്റെ ലഹരി തേടി, 
പിഞ്ചു മക്കളെ കൊന്നൊടുക്കാന്‍ ഇനിയും നീ 
പിശാചുക്കള്‍ക്ക് ജന്മം നല്‍കരുത്...

Tuesday, November 13, 2012

ആത്മാവ്


ആത്മാവുള്ളതിലേക്കായിരുന്നു
ഞാൻ എന്റെ ശ്രദ്ധ തിരിച്ചത്
ജാകരൂഗനായി തേടിത്തിരഞ്ഞപ്പോളാണ്
നേര് വെളിപെട്ടതും..

നേര്..! ചില നേരങ്ങളിലെങ്കിലും
സങ്കല്പമായ് അവശേഷിക്കുന്ന നേര്…
നേരിന് പറയുവാൻ നേരായതൊന്നും
തേട്ടങ്ങളിലുണ്ടായതുമില്ല.

പർണ്ണങ്ങളിൽ, ഫലസുനങ്ങളിൽ
ചില്ലക്കൈകളിൽ, ശിഖരങ്ങളിൽ
കായ്കനികളിൽ, അടിവേരുകളിൽ
ഞാൻ അത്മാവു തേടി..

തേട്ടങ്ങളെ നേട്ടങ്ങളാക്കുവാൻ
പ്രയോഗക്ഷമമായവ കീടങ്ങളും
കീടനാശിനികളും കട്ടെടുത്തിരുന്നു
“അത്മാവ് നഷ്ടപ്പെട്ടവര്…!“

അക്ഷരങ്ങളിൽ വാക്കുകളിൽ
കഥകളിൽ കവിതകളിൽ, ചരിത്രങ്ങളിൽ
ആത്മാവ് നഷ്ടപ്പെട്ടവരുടെ
വിങ്ങുന്ന വിലാപങ്ങൾ മാത്രവും.

നിളകളിൽ പുഴകളിൽ ജലപ്രവാഹങ്ങളിൽ
വഴിത്താരകളിൽ പുൽത്തകിടുകളിൽ
ആത്മാവിനായ് വിലപിക്കുന്ന
മൂളലുകളും, നിലവിളികളും തന്നെ.

എന്നിലേക്കൊന്നെത്തി നോക്കി
എന്നെപ്പോലുള്ളവരിലേക്കും
ഹൃത്തടങ്ങളിലേക്കും പരിചിന്തനങ്ങളിലേക്കും
ആത്മാവൊഴിച്ചെല്ലാം നേടിയവർ

മധ്യരാത്രത്തിൽ മുറിയിലെ വെട്ടം
ജാലകച്ചില്ലിൽ പ്രതിഫലിക്കുമ്പോൾ
അരികത്തു വന്നൊരാത്മാവു ചൊല്ലുന്നു
തേടി നടന്നതിൻ നഗ്ന സത്യം..

“നീ തേടിയലഞ്ഞൊരാത്മാവ് തന്നെ ഞാൻ
ജീവനിൽ കുടി കൊള്ളാൻ നിർവാഹമില്ല
മർത്യന്റെ കൈകളാൽ കളങ്കിതമാകുമീ
ജീവനിലെങ്ങനെ ജീവിച്ചിരിപ്പൂ ഞാൻ…?

Saturday, November 10, 2012

പ്രയാസിയായ പ്രവാസി....!



ഉള്ളിലെവിടെയോ ഒരു നീറ്റല്....

കാതിൽ മുഴങ്ങുന്ന നിലവിളിയുടെ ഉടമസ്ഥനെ വ്യക്തമല്ല.. സൌമ്യയുടെയോ സത്നാമിന്റെയോ...

ഓർമ്മകളെ തിരയുമ്പോൾ ഓടിയെത്തുന്നത് ഇത്തരം അലർച്ചകളാണ്..

വിങ്ങുന്ന മനസിലൊരു പ്രാർഥന നിറയും ദൈവമേ എന്റെ നാട്, എന്റെ വീട് എന്റെ കുടുംബം..!

അന്ധകാരത്തിന്റെ പണിയാളന്മാർക്ക് ഉരയുടെ വിലാസം നോക്കേണ്ടതില്ല....

ചെറുകുടൽ പാളമാക്കി ഒരു തീവണ്ടി തീ തുപ്പുന്നുണ്ട്,

ഉയരെപ്പറക്കുന്ന വിമാനങ്ങൾക്കൊപ്പം മൂളിപ്പറക്കാൻ വെമ്പുന്നു മനസ്...

എവിടെ നിന്നോ അരികത്തൊരു മണൽക്കാറ്റോടിയെത്തുന്നതിൽ നിറയുന്ന വിയർപ്പു ഗന്ധം..

തീ വെയിലിൽ നിണം വിയർപ്പാക്കുന്ന പണിയാളരുടെ ലവണഗന്ധം തന്നെയാവാം..

കണ്ണിലും മൂക്കിലും കയറിയ പൊടിപടലങ്ങളുമായി ആസ്ത്മയെ വെല്ലുവിളിക്കുന്ന മനുഷ്യക്കോലങ്ങളുടെ കണ്ണീരിന്റെ ഉപ്പു ഗന്ധവുമാവാം..

ഗർഭപാത്രത്തിൽമെഴുക്കൊളിപ്പിച്ച് പ്രവാസികളെ മാടി വിളിക്കുന്ന മരുഭൂമി ചിരിക്കുന്നുണ്ട്, കരയുന്നുമുണ്ട്,

അവളുടെ നെടു നിശ്വാസങ്ങൾ വാലസല്യത്തിന്റെ തലോടലും രോഷത്തിന്റെ ജ്വാലയും നിറക്കുന്നുമുണ്ട്..!

ഒരു തളിർക്കാറ്റോടിയെത്താൻ കാത്തിരിക്കുകയാണ് ഞാനുമിവിടെ....!

നാട്ടിലെത്തണം, വീടിന്റെ പിന്നാമ്പുറത്തെ മാവിലെ കണ്ണിമാങ്ങകൾ ഉപ്പ് കൂട്ടി ഒന്ന് കടിക്കണം..

ഇളം പുളിപ്പ് പല്ലുകളിലെത്തുമ്പോൾ കണ്ണൊന്നിറുക്കെ ചിമ്മണം... !

കാത്തിരിപ്പനവസാനം നാടെത്തുമ്പോൾ ചാവാലിക്കൂട്ടങ്ങൾ റാഞ്ചിയായും ഭീകരനായും തുറുങ്കിലേറ്റാതെ വീടണയാൻ കനിയാൻ പ്രാർഥനയോടെ ഇരിക്കുന്നു എന്നും പ്രവാസി...!