രാത്രി വിരിയുന്ന പുഷ്പങ്ങളോട് ചെറുപ്പത്തിലേ ഒരു ഇഷ്ടമുണ്ട്, അല്പം ദേഷ്യവും. മൊട്ടുകൾ പൂവാകുന്നതും കാത്ത് നോക്കിയിരുന്നിട്ടും വിരിയുന്നത് കാണിക്കാതെ ഞാൻ ഉറങ്ങുമ്പോൾ വിരിഞ്ഞ പൂക്കളെ രാവിലെ കാണുമ്പോൾ ദേഷ്യം വന്ന് എന്റെ മൂക്ക് വിറക്കും.സത്യം പറയട്ടെ ഇന്നും എനിക്ക് കാണാനായിട്ടില്ല ഒരു പൂവ് മൊട്ടിൽ നിന്നും വിരിയുന്ന ആ സുന്ദര രംഗം.
Tuesday, October 30, 2012
ഭ്രാന്തന്റെ ആവലാതികള്...
മോഹങ്ങള്‍ കുഴിച്ചു മൂടിയ
കുഴിക്കുള്ളില്‍ വേദനയുടെ
ലാവ തിളച്ചു മറിയുകയാണ്..
അടുപ്പില്‍ തീ പുകയാത്തവന്‍റെ
സ്വപ്നങ്ങള്‍ക്കെന്നും വിധി,
ജീവനോടെ കുഴിച്ചു മൂടപ്പെടാനാണ്
വിഷമജ്വരങ്ങള്‍ പകുത്തെടുത്ത
ജീവിതത്തിന്റെ നല്ല പാതിക്കു
ചിതയോരുക്കാന്‍ മുറ്റത്തെ
കുഞ്ഞു മാവിനിയും വളര്‍ന്നതെയില്ല..
കൊട്ടും പാട്ടും ശ്രുതിയും താളവും
കര്‍ണ്ണ പടങ്ങള്‍ക്ക് ആസ്വാദ്യവുമല്ല
ആട്ടക്കലാശങ്ങള്‍ക്കവസാനം വീണു
കിട്ടുന്ന ചില്ലറത്തുട്ടുകളില്‍ ക്ലാവ്
ഭഗവാനും ഭഗവതിയും എന്റെ
തുള്ളലുകളുടെ അര്‍ത്ഥമറിഞ്ഞില്ല
വിശപ്പാണ് സത്യം, ദാഹം നീതിയും
ആരാധന വിശപ്പടക്കുന്നവനോടാണ്.
ഊതിക്കൊടുക്കുന്ന ചരടുകള്‍
സത്യത്തിന്‍റെ കനലുരുക്കി തന്നെ.
ചില്ലറത്തുട്ടുകള്‍ വീണ്‌കിട്ടുമെന്ന
സത്യത്തിന്റേതെന്നു മാത്രം...
ചരടുകള്‍ക്കല്ല വിലയിടുന്നത്
എന്റെ വയറിന്റെ കാളലുകൾക്കാണ്
രണ്ടു രൂപക്കും ആയിരം രൂപക്കും
കിട്ടുന്ന ചരടുകളൊന്നു തന്നെ .
തെരുവിലെ സാധുവിന്
വിലപേശാന്‍ അര്‍ഹതയില്ല
ചില്ലുമേടയിലെ ആചാര്യന്‍
അവകാശങ്ങള്‍ ലേലമെടുത്തവനും,
മർദ്ധിതന്റെ വാക് കസര്‍ത്തുകളെ-
ത്തുന്നത് വായ്ക്കുള്ളില്‍ നിന്നല്ല,
പിടഞ്ഞു തുള്ളുന്ന നോവുകളുടെ
ശക്തമായ തള്ളലുകളില്‍ നിന്നാണ്.
കീഴാളന്റെ വാക്കുകള്‍ക്ക്
ഉദാസ്ഥിതന്റെ വാക്കുകളുമായി
പോരുത്തപ്പെടാമെന്നു കരുതിയല്ല
വെറുമൊരു ഏറു മാത്രം...
കൊള്ളേണ്ടത് കൊള്ളേണ്ട പോൽ
കൊണ്ടെങ്കിലെന്നൊരു ചിന്ത..
പാഴ്ചിന്തകൾക്കും ചില നേരങ്ങളിൽ
യാഥാർഥ്യവുമായി പൊരുത്തമാണത്രെ..
ജീവിക്കാനിരിക്കുന്നല്ലോ ഇനിയും
താണ്ടാനിരിക്കുന്ന ദൂരങ്ങളുമേറെ..
സാഗരങ്ങൾ നിരത്തിയെടുക്കണം
കുന്നിക്കരുക്കൾ വാരി വിതറി..
ആകാശത്തൊരു മേട കെട്ടണം
പൂനിലാവിനും വിരുന്നൊരുക്കണം..
കുഴിച്ചു മൂടപ്പെട്ട മോഹങ്ങൾ വീണ്ടും
ലാവയായ് തിളച്ചു പൊന്തുന്നല്ലോ...!
Sunday, October 21, 2012
വിമാന റാഞ്ചികള്
പൊള്ളുന്ന ചൂടാണ്
കോച്ചുന്ന കുളിരും
രണ്ടിലും പിടയുന്ന
നെഞ്ചിലൊരു നോവും
മാത്രകള്‍ തിരിച്ചും
മറിച്ചും കണക്കെടുത്ത്
കൂടണയും സ്വപ്നം നെയ്യും
ജീവിതമത്രേ പ്രവാസം..!
അവന് റാഞ്ചാനുള്ളത്
വിമാനങ്ങളല്ല,
പിടിച്ചെടുക്കാനുള്ളത്
ബോംബും മിസൈലുകളുമല്ല.
വിധിയുടെ കരങ്ങള്‍
ദൂരെ എറിഞ്ഞ ജീവിതമാണ്
കളഞ്ഞു പോകുന്ന സ്വന്തം ജീവിതം
അകലെ നിന്നോടിയെത്തുന്നത്
മോക്ഷം തേടിയാണ്..
ഒന്ന് ചിരിക്കാന്‍,
ഒന്ന് പൊട്ടിക്കരയുവാന്‍
പ്രിയരോടോന്നു മിണ്ടുവാന്‍
കൊതിയോടെയണയുന്നവര്
പൊള്ളുന്ന മരുഭൂവില്‍
ചുറ്റിക കൊണ്ട് കളിക്കുന്നവര്
വാടര്‍ തെര്‍മോസില്‍ വെള്ളം -
നിറച്ചു ദാഹം തീര്‍ക്കുന്നവര്
ചൂഷണമാണിവിടെ,
രാവും പകലും കെട്ടിടം
പണിതു കൂട്ടുവാന്‍ വിധിച്ചവര്
ഓവര്‍ ടൈമുകളില്‍ ജീവിക്കുന്നവര്
അവരാണധികവും,
ചില്ലറതുട്ടുകളെ
കാത്തു വെക്കേണ്ടതുണ്ടവര്‍ക്ക്
ഒരു കരച്ചിലകറ്റുവാന്‍,
ഒരു ചിരി വിടര്‍ത്തുവാന്‍ .
കയ്യിലോതുങ്ങില്ല, ഹേ,
വിമാനങ്ങളും റോക്കറ്റുകളും
തങ്ങളുടെ കരങ്ങളിലെന്നു
സ്പഷ്ടമായറിയുന്നവര്.
എന്നിട്ടും..?
സ്വന്തം നാട്ടില്‍ പാദ
സ്പര്‍ശമേല്‍ക്കും മുന്‍പേ
മുദ്ര ചാര്‍ത്തണം നിങ്ങള്‍
കള്ളനെന്നും റാഞ്ചികളെന്നും..!
Thursday, October 18, 2012
ആധുനിക മനുഷ്യര്‍
ഒന്നിനും നേരം ല്യ...
മിണ്ടാനും നേരം ല്യ
കാണാനും നേരം ല്യ
കേള്‍ക്കാനും നേരം ല്യ
തിന്നാനും നേരം ല്യ
കുടിക്കാനും നേരം ല്യ
നടക്കാനും നേരം ല്യ
നില്‍ക്കാനും നേരം ല്യ
കഴിക്കാനും നേരം ല്യ
കിടക്കാനും നേരം ല്യ
എഴുതാനും നേരം ല്യ
പഠിക്കാനും നേരം ല്യ
ചിരിക്കാനും നേരം ല്യ
കരയാനും നേരം ല്യ
ഒന്നിനും നേരം ല്യ
എന്നാല്‍ ഒട്ടൊരു പണിയൂല്യ
Subscribe to:
Posts (Atom)