Friday, August 24, 2012

മർത്യന് മനുഷ്യ രൂപങ്ങളോട് പറയാനുണ്ടാവുന്നത്..


ഞാൻ മനുഷ്യനത്രെ
വചനങ്ങളെ കർമ്മങ്ങളാക്കുവാൻ
വ്യക്തവും യുക്തവും ശക്തവുമായ
അർത്ഥങ്ങൾ തേടി തലമുറകൾ
അലഞ്ഞു നടക്കുന്ന സന്ദേഹി.

സത്യാന്വേഷികൾ തൻ സുന്ദര-
ജീവിതകാവ്യങ്ങൾ പകർത്തുവാൻ
മഷി തേടി കടലുകൾ താണ്ടിയ
മഹാപ്രയാണികൾ തൻ അനുയായി

ഭ്രാന്തൻ ജന്മങ്ങളിൽ വിവേകത്തിൻ
വെള്ളി വെളിച്ചം പകർന്ന മൺകുടം
തീർഥാടകർ കെട്ടിയ ഭാണ്ഡങ്ങളിൽ
 നിന്നും കടം കൊണ്ടു വന്ന മാനവൻ

കുരിശിലേറ്റപ്പെടേണ്ടവൻ തന്നെ ഞാൻ
സത്യാന്വേഷിയെന്ന കുറ്റത്തിനായ്
അഹിംസയെ പുൽകിയ കുറ്റത്തിനായി
വെടിയുണ്ടകൾ കൊണ്ടലങ്കരിക്ക മേനി

കല്ലെറിഞ്ഞോടിക്കണം നിങ്ങളെന്നിൽ
മുദ്രകുത്തി വെക്കണം ഭ്രാന്തനെന്ന പേർ
ഉയർന്നുതാവണം കരങ്ങളിൽ കരുതി-
വെച്ചൊരാ കുട്ടുവടിയെൻ ശിരസ്സിലായ്

ഞാൻ മനുഷ്യാനുകുന്നു.. മനുഷ്യൻ
മർത്യനെന്ന പേരിനർത്ഥം കാക്കുവോൻ
മനുഷ്യനായ് പിറന്ന അപരാധത്തിനായ്
ദണ്ഡനം വാങ്ങേണ്ടവൻ തന്നെ ഞാൻ

ഞാൻ നരനത്രെ.
നര രൂപം പൂണ്ട നരി ജന്മങ്ങളെ
സേവിക്കാനറക്കുന്നോരു  മാനുഷൻ
തെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ

വധിച്ചു കളയുക നിങ്ങളീ  ജന്മത്തെ
ഘാതകനാകുവാനറിയാത്ത തെറ്റിനായ്
അഗ്നിയിലെറിയുക നിങ്ങളീ മർത്യനെ
മനുഷ്യത്വം വറ്റാതിരിക്കുന്ന തെറ്റിനായ്

ബന്ധനം തന്നിൽ നിർത്തുക നിങ്ങളീ-
ബന്ധത്തിൻ തത്വങ്ങളോതുന്ന പാപിയെ
ബലി നൽകാനെന്നെ ചുമന്നങ്ങു പോവുക
ബലവാനായ് നിൽക്കും പിശാചിൻ മുൻപിൽ
അണഞ്ഞു തീരട്ടെ, എരിഞ്ഞൊടുങ്ങട്ടെ
നിൻ  മനതാരിൽ കൂരിരുൾ പൂശിയ
അന്ധകാരപ്പിശാചിന്റെ മോഹങ്ങൾ
എന്റെയീ ജന്മം നൽകിയാണെങ്കിലും.

മടുത്തു പോകട്ടെ, കൊതിയടങ്ങട്ടെ
പിന്നെ നിർത്തി വെക്കട്ടെ നിണമൊഴുക്കും
വഴിവക്കിലെ കളികളതിനായ് നൽകിടാമെൻ-
 ജീവനും തെല്ലും നഷ്ടബോധമില്ലാതെ ഞാൻ




Monday, August 20, 2012

എരിക്കിൻ പൂക്കള്



പൂഷ്പങ്ങളായിരം വിരിച്ചു നീ ലജ്ജയാൽ
 തെന്നലിലാസ്യ നൃത്തമാടി
പാഴ്മരുഭൂവിലിന്നെന്തിനു നില്പുനീ
മ്ലാനിയായുള്ളോരെൻ എരിക്കേ.

അരികിലണഞ്ഞോരു പൂവിറുത്തപ്പോ-
ളെന്തിനായ് നീയെന്നെ തുറിച്ചു നോക്കി
ഏകതാനമതല്ലയോ നാമിരുവരും
ഈ മരുഭൂമിൽ പ്രവാസികളായ്..

ശത്രുതാഭാവം വിരാമചിഹ്നം നൽകി
മിത്രമായെന്നെ എടുത്തുകൊൾക.
സ്വന്തമായ് കാണുവാനുണ്ടോരു സംഗതി
എൻ ജന്മവൃക്ഷതല്ലയോ നീ..

അഞ്ചുദലങ്ങളായ് നീ വിടർത്തുന്നൊരീ
പുഷ്പങ്ങളൊക്കെയും കോമാളാംഗി
രാജകുമാരിയാം ഞാനെന്നുര ചെയ്തു
പുഷ്പത്താൽ തീർക്കുന്ന രാജമുദ്ര.

അല്പം അഹന്ത നിന്നിലുള്ളതിനാലോ
നിനക്കിന്നിത്തരുണത്തിൽ വേഷം കെട്ട്
നിന്നിലെ അധികാര മോഹമറിഞ്ഞിട്ടി-
ന്നെന്നധരങ്ങളിൽ ഹസിതം പടരൂ..

തൃക്കണ്ണിലെരിയും കോപാഗ്നി വെച്ചോരു
ദേവന്റെയർച്ചനാ പുഷ്പവും നീ.
സൌമ്യയായുള്ളോരു നിന്റെയീ ഭാവത്തി-
നപ്പുറം കോപാഗ്നിയുണ്ടോ സഖേ..

ഇന്നെൻ അടുക്കളക്കോണിലെ മണ്ണിൽ
നീ എങ്ങനെ വന്നു പിറന്നു വീണു.
ഈ മരുഭൂമിയിൽ നിന്നെ തലോടുവാൻ
ചാരെയണയുവാൻ ആരുമില്ല.

എൻ പ്രിയ റാണി നീ എൻ കൂടെ പോരുക
ഗ്രാമങ്ങൾ തൻ വഴികാട്ടിടാം ഞാൻ.
നാട്ടമ്പലങ്ങളിൽ ദേവന്റെയർച്ചനാ
പുഷ്പമായ് തിളങ്ങി വിളങ്ങുക  നീ

( സമർപ്പണം : ഇന്ന് ഉച്ച നേരത്ത് താമസ സ്ഥലത്ത് വിടർന്ന് പന്തലിച്ച് പൂക്കൾ വിടർത്തി എന്നെ നോക്കി ചിരിച്ചു നിന്ന എരിക്കിന്   :) )





Sunday, August 19, 2012

നിന്റെ വരവും കാത്ത്


മണ്ണും വിണ്ണും പോലെ
രാവും പകലും പോലെ
കരയും കടലും പോലെ
ഇന്ന് ഞാനും നീയും.
തൊട്ടുരുമ്മി നില്പതെങ്കിലും
അകലമേറെയാണിപ്പൊഴും.
മിഴികളോട് ചേർന്ന് നിൽക്കിലും
മൌനിയായതെന്തു നീ..
ആശയാലിന്നു കാത്തിരിപ്പു ഞാൻ
നിൻ വചസ്സുകൾ കേൾക്കുവാൻ
നിരാശയായിന്ന് ഭേദപ്പെടുത്തല്ലേ
സുഖമെഴും എൻ പ്രതീക്ഷകൾ.
നിൻ കരങ്ങളിൽ മഞ്ഞു കോരി നീ
എൻ നെറുകയിൽ തലോടുവാൻ
ഓടിയെത്തുമെന്നോർത്തു തന്നെ-
ഞാനിന്നീ മരച്ചോട്ടിലിരുന്നിടാം
കാറ്റും മഴയും പോലെ
മരവും കിളിയും പോലെ
പുഴയും കടലും പോലെ
ഒരുമിച്ചൊന്നായ് നടന്നിടാം.