Tuesday, September 25, 2012

ക്ഷണം

പ്രിയേ...

ഞാന്‍ കാവലാളാവാം എന്ന വാക്ക് നല്‍കിയത് മരണത്തോളം മാറ്റമില്ലാത്ത നിന്‍റെ ജീവനാണ്..!


ആകാശത്തിന്‍റെ ഏറ്റവും പരിശുദ്ധമായ കോണില്‍ കോടാനു കോടി വര്‍ഷങ്ങള്‍ക്കപ്പുറം സൃഷ്ടിക്കപ്പെടുകയും ആയിരം മാലാഖമാര്‍ സ്വര്‍ണ്ണ താലങ്ങളില്‍ ഭക്തി നിര്‍ഭരം ഭൂമിയിലേക്ക്‌ ആനയിക്കപ്പെടുകയും ചെയ്ത ജീവന്റെ തുടിപ്പിനെ....!

മാറിക്കൊണ്ടിരിക്കുന്ന നിന്‍റെ മേനിയഴകിനല്ല,

എന്നിട്ടും ഇന്നെന്തേ നീ എന്‍റെ വചനങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു ?

എന്‍റെ സ്നേഹവും ആദരവും വിഷയാസക്തിയില്‍ എന്നെ സ്വയം മറപ്പിക്കുന്ന നിന്‍റെ ശരീരത്തോടായിരുന്നില്ല, പനിനീര്‍ പൂവിതളുകളേക്കാള് മൃദുലമായ നിന്‍റെ മനസിനോടായിരുന്നു.

നിന്‍റെ വശ്യ സൌന്ദര്യം എന്നില്‍ ജനിപ്പിച്ചത് സിരകളുടെ ചൂടടങ്ങും വരെയുള്ള അല്‍പ നേരത്തെ കൌതുകം മാത്രം..!

നിന്‍റെ ശരീരത്തിന്‍റെ വഞ്ചനകളില്‍ വീഴില്ലെന്ന് ആയിരം വട്ടം പറഞ്ഞിട്ടുള്ളതാണ് ഞാന്‍.. .

നിനക്കറിയില്ലേ, നിന്‍റെ ശരീരത്തെ ഞാന്‍ ഒരിക്കലും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന്?

ചേതനയുള്ള ശരീരത്തെ പോലും അവഗണനയോടെ കണ്ടവനാണ് ഞാന്‍ എന്നറിഞ്ഞിട്ടും ...

എന്തേ, ഇന്ന് നിന്‍റെ ശവ ശരീരത്തിനും കാവലിരിക്കുവാന്‍ എന്നെ നീ ക്ഷണിക്കുന്നു?

Monday, September 24, 2012

തിരിച്ചറിവുകള്

ഓരോ ദിനവും ധാരണകള്‍ മാറ്റേണ്ടതായി വരുന്നു..! 

ഇന്നലെ കൂറ്റന്‍ തേക്ക്‌ മരത്തെ കടപുഴക്കിയ കാറ്റ് തന്നെയാണ് 

ഇന്ന് ഈ പുല്കൊടികളെ തഴുകി മിനുക്കുന്നതും..!

ഇന്നലെ കടുത്ത ചൂടിലെ ആശ്വാസമായ ഈ തണുപ്പ് തന്നെ
ഇന്നെന്‍റെ ശരീരം മരവിപ്പിക്കുന്നത്..!

ഇന്ന് ഈ തണുത്ത കരങ്ങളുടെ അസഹ്യമായ ഞെരിപ്പില്‍ എന്നെ
സഹായിക്കാന്‍ അണഞ്ഞ ഈ ഇളം ചൂട് നാളെ എന്‍റെ സിരകളിലെ രക്തം ഉരുകിയൊലിപ്പിക്കുകയില്ലെന്നാര് കണ്ടു..?

സ്നേഹത്തിന്‍റെ നേര്‍ത്ത തലോടലുകളായി എന്‍റെ വളര്‍ച്ചക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ തെരുവുകളില്‍ കൊലവിളികളുമായി എന്നെ കാത്തു നില്പാണ്.

വിരോധാഭാസങ്ങളാണ് ഇവിടെ, നിറഞ്ഞു കവിയുന്ന വിരോധാഭാസങ്ങള്...!

തുണ വേണം എന്ന് ഞാന്‍ കരുതുന്നതിനെക്കാള്‍ തുണ വേണം എനിക്കിപ്പോള്.

മുന്നോട്ടുള്ള യാത്രകളില്‍ മറഞ്ഞിരിക്കുന്നവയെ ഒറ്റയായ് നേരിടാനാവുമെന്നു തോന്നുന്നില്ല.

വിതക്കട്ടെ ഞാന്‍.. , ഒരല്പം സ്നേഹത്തിന്‍റെ വിത്തുകള് ഇവിടെ ..! ആപത്തില്‍ ഓടിയെത്താന്‍ ഒരായിരം പേരെ വേണ്ടി വന്നേക്കാം എനിക്ക്...!

കടം കൊടുക്കട്ടെ ഞാന്‍, ദയയും കരുണയും,
നാളെ അത് പലിശ സഹിതം എനിക്ക് തിരിച്ചു വാങ്ങേണ്ടതായി വന്നേക്കാം...!

Saturday, September 22, 2012

ക്ഷമ

ഇന്ന് ഈ പുലരിയുടെ മുഖം ഒന്ന് കറുത്തിട്ടുണ്ടോ? 

അതോ എന്‍റെ കാഴ്ചകള്‍ ഇരുളുന്നുതോ? 


അറിയില്ല, എന്നാലിപ്പോളും എന്‍റെ കാഴ്ചകള്‍ അവ്യക്തം തന്നെ...!


ഞാനും ഈ മരുഭൂമിയും ഇപ്പോള്‍ ഒരുപോലെയാണ് ..!!!

വരള്‍ച്ചയുടെ ദുര്‍ഗന്ധം പേറുന്ന വേനലില്‍ നിന്നും
സുഗന്ധം പൂശിയൊരുങ്ങി വരുന്ന തണുപ്പുകാലത്തിന്റെ
പദസ്വനം കാതോര്‍ത്തിരിക്കയാണത്.

ഹൃത്തടം നനക്കുന്ന നേട്ടങ്ങളുടെ
ഈറന്‍ സ്വപ്നങ്ങളിലും പ്രത്യാശകളിലുമാണ് ഞാനും..!!!!

സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കാന്‍ വൈകുന്നത്
എന്‍റെ മനസ്സില്‍ ഈര്‍ഷ്യതകളുണ്ടാക്കുമ്പോള് എന്‍റെ വാക്കുകള്‍ പൊട്ടിത്തെറികളാവുന്നത് പോലെ ,

കാത്തിരിപ്പുകളില്‍ ക്ഷമകെട്ട്‌ ശക്തമായ പൊടിക്കാറ്റുകള്‍ സൃഷ്ടിക്കുന്ന ഈ മരുഭൂമിയെ നിങ്ങളും കാണുന്നില്ലേ?

ക്ഷമ പഠിപ്പിക്കുകയാവാം കാലം...!!!

കാത്തിരിപ്പിന്‍റെ സുഖം പകരുന്ന കുഞ്ഞു നോവുകള്‍ നല്‍കി
വരാനിരിക്കുന്ന വന്‍ നേട്ടങ്ങളുടെ മൂല്യം അറിയിക്കുകയുമാണത്...!!!

നേര്‍ത്ത ചാറ്റല്‍ മഴയായി, പിന്നെ തകര്‍ത്തു പെയ്യലായി,
ഉരുകുന്ന മനസിനെ തണുപ്പാര്‍ന്ന കരങ്ങള്‍ കൊണ്ട് തഴുകി
തലോടി ഉണര്‍ത്തുവാന്‍ കാത്തിരിപ്പുണ്ടാവാം മഴ സ്വപ്നങ്ങള്...!