Tuesday, November 13, 2012

ആത്മാവ്


ആത്മാവുള്ളതിലേക്കായിരുന്നു
ഞാൻ എന്റെ ശ്രദ്ധ തിരിച്ചത്
ജാകരൂഗനായി തേടിത്തിരഞ്ഞപ്പോളാണ്
നേര് വെളിപെട്ടതും..

നേര്..! ചില നേരങ്ങളിലെങ്കിലും
സങ്കല്പമായ് അവശേഷിക്കുന്ന നേര്…
നേരിന് പറയുവാൻ നേരായതൊന്നും
തേട്ടങ്ങളിലുണ്ടായതുമില്ല.

പർണ്ണങ്ങളിൽ, ഫലസുനങ്ങളിൽ
ചില്ലക്കൈകളിൽ, ശിഖരങ്ങളിൽ
കായ്കനികളിൽ, അടിവേരുകളിൽ
ഞാൻ അത്മാവു തേടി..

തേട്ടങ്ങളെ നേട്ടങ്ങളാക്കുവാൻ
പ്രയോഗക്ഷമമായവ കീടങ്ങളും
കീടനാശിനികളും കട്ടെടുത്തിരുന്നു
“അത്മാവ് നഷ്ടപ്പെട്ടവര്…!“

അക്ഷരങ്ങളിൽ വാക്കുകളിൽ
കഥകളിൽ കവിതകളിൽ, ചരിത്രങ്ങളിൽ
ആത്മാവ് നഷ്ടപ്പെട്ടവരുടെ
വിങ്ങുന്ന വിലാപങ്ങൾ മാത്രവും.

നിളകളിൽ പുഴകളിൽ ജലപ്രവാഹങ്ങളിൽ
വഴിത്താരകളിൽ പുൽത്തകിടുകളിൽ
ആത്മാവിനായ് വിലപിക്കുന്ന
മൂളലുകളും, നിലവിളികളും തന്നെ.

എന്നിലേക്കൊന്നെത്തി നോക്കി
എന്നെപ്പോലുള്ളവരിലേക്കും
ഹൃത്തടങ്ങളിലേക്കും പരിചിന്തനങ്ങളിലേക്കും
ആത്മാവൊഴിച്ചെല്ലാം നേടിയവർ

മധ്യരാത്രത്തിൽ മുറിയിലെ വെട്ടം
ജാലകച്ചില്ലിൽ പ്രതിഫലിക്കുമ്പോൾ
അരികത്തു വന്നൊരാത്മാവു ചൊല്ലുന്നു
തേടി നടന്നതിൻ നഗ്ന സത്യം..

“നീ തേടിയലഞ്ഞൊരാത്മാവ് തന്നെ ഞാൻ
ജീവനിൽ കുടി കൊള്ളാൻ നിർവാഹമില്ല
മർത്യന്റെ കൈകളാൽ കളങ്കിതമാകുമീ
ജീവനിലെങ്ങനെ ജീവിച്ചിരിപ്പൂ ഞാൻ…?

1 comment:

  1. സകലതും നേടിയിട്ട് ആത്മാവ് നഷ്ടപ്പെട്ടാല്‍...!!??

    ReplyDelete