Tuesday, October 16, 2012

വിപ്ലവകാരിയുടെ കത്ത്..പ്രിയേ...!

ഒരിക്കൽ എന്റെ രക്തത്തിന്റെ ചുവപ്പ് നീ അറിയും...!

അത് ഈറനായ അരുണവർണ്ണം കലർന്നാവുകയില്ല, കറുത്ത ചായം കലർന്ന റോഡിൽ വരണ്ടു തുടങ്ങുന്ന മങ്ങിയ നീലച്ച വർണ്ണത്തിലായിരിക്കാം...!


തീർച്ചയായും നീയറിയുകയില്ല, അത് നിനക്കായി എന്റെ സിരകളിൽ കൊതിയോടെ തുടിച്ചു തുള്ളിയ എന്റെ രക്തമാണെന്ന്,


ശ്രവണ നാളങ്ങളെ തകർക്കുന്ന ബഹളങ്ങൾക്കവസാനം തണുത്തുറഞ്ഞ ഒരു മൌന നിമിഷത്തിൽ ചെഞ്ചായം പൂശിയ ഐസ് കട്ട പോലെ തെരുവോരത്തെവിടെയോ ചിതറിത്തെറിച്ച് അലിയുന്ന, അടിയുന്ന കണക്കെ നീയെന്റെ ഹൃദയവും കാണും..!


ഒരു പക്ഷെ നീ ഒരിക്കലും തിരിച്ചറിയില്ലായിരിക്കാം, അത് നിന്നെ പ്രണയിക്കുകയും മോഹിക്കുകയും ചെയ്ത എന്റെ ഹൃദയമാണെന്ന്..!


എന്റെ കണ്ണുകൾ ചതഞ്ഞരഞ്ഞ ഞാവല്പഴം കണക്കെ വഴിയിൽ നിന്റെ കാലടികൾക്ക് കീഴിൽ വീണ്ടും ചതഞ്ഞരഞ്ഞേക്കാം...!


അപ്പോളും നീയറിയുകയില്ലായിരിക്കാം, നിന്റെ പാദങ്ങൾക്കടിയിൽ നിന്റെ രൂപലാവണ്യം കൊതിയോടെ നോക്കി നിന്ന എന്റെ മിഴികളുടെ പിടച്ചിലുകളുണ്ടെന്ന്...


എന്റെ കരൾ കടിച്ചു വലിക്കുന്ന തെരുവു നായ്ക്കളെ നീ കാണും, തെരുവിൽ കടിപിടി കൂടിയ ഏതോ ജീവിയുടെ കരള് എന്നു കരുതി നിസംഗ ഭാവത്താൽ മുന്നോട്ട് നീങ്ങുമ്പോളും നീയറിയാനിടയില്ല, അത് നിന്റെ ഓരോ വേദനയിലും നീറിപ്പിടഞ്ഞ എന്റെ കരൾ കഷ്ണം തന്നെയെന്ന സത്യം....!


പ്രിയേ...


തിരിച്ചറിയാതെ പോകുന്നുണ്ട് നാം പലതും,


ഏതോ ഒരു തിരശീലയുടെ മറവ് ഇപ്പോളും നമുക്കിടയിലുണ്ട്.


ആ മറവ് ഒരു കുറവായിരിക്കുമ്പോൾ തന്നെയും അത് തന്നെയായിരിക്കാം ഒരു പക്ഷെ താങ്ങാനാവാത്ത വലിയ വേദനകളിൽ നിന്നും എന്നെയും നിന്നെയും ഈ ലോകത്തെ മുഴുവനും രക്ഷിച്ചു പിടിക്കുന്നതും...!


പ്രിയേ...


ഞാൻ പ്രയാണം തുടങ്ങുകയാണ്, കയ്യിലൊരു കൊട്ടുവടിയും ഒരുപിടി വള്ളികളും നാലോലയുമായി,


ഇരുട്ടിന്റെ കൊട്ടാരങ്ങൾ തച്ചു തകർക്കുവാൻ, വെളിച്ചത്തെ കുടിൽ കെട്ടി കാക്കുവാൻ..!


ലക്ഷ്യമെത്തുവോളം വിശ്രമമില്ലാത്തൊരു യാത്ര,


എനിക്ക് വേണ്ടത് നിന്റെ നിമീലിത ലോചനങ്ങളിലെ തിളങ്ങുന്ന മിഴി നീർത്തുള്ളികളല്ല, മനസിലെ അണയാത്ത അഗ്നിയാണ്,


തെരുവിൽ വീണു പിടഞ്ഞവരുടെ രോദനങ്ങളിൽ നിന്നും പകൽ വെട്ടത്തിൽ മാനഭംഗത്തിനിരയായവരുടെ പിടച്ചിലുകളിൽ നിന്നും ജീവിക്കാൻ കേഴുന്നവന്റെ തേങ്ങലുകളിൽ നിന്നും നീയെടുത്തു സൂക്ഷിച്ച് വീര്യം കൂട്ടിയ നിന്റെ മനസിലെ വിപ്ലവ ചിന്തയുടെ വിത്തുകളിൽ നിന്നും ഒരു കൈക്കുമ്പിൾ മാത്രം...!


തിരിച്ചു വരവിനായല്ല, ലക്ഷ്യപ്രാപ്തിക്കായി നീ മനമുരുകി പ്രാർത്ഥിക്കുക...!


പിറക്കാനിരിക്കുന്ന പുതിയ ലോകത്തിൽ എന്റെ പേരെഴുതിച്ചേർക്കപ്പെട്ടേക്കാം, എങ്കിൽ പ്രിയേ തീർച്ചയായും അതിനൊപ്പം നിന്റെ പേരുണ്ടാവും.


ഒരു സുന്ദര ലോകത്തിന്റെ പിറവിക്കായി പ്രിയനെ യാത്രയാക്കിയ ഉത്തമസ്ത്രീകളിലൊന്നായി നിന്റെ നാമം ലോകം വാഴ്ത്തുക തന്നെ ചെയ്യും...


സ്നേഹപൂർവ്വം....!

റയ്നി ഡ്രീംസ്

1 comment:

  1. വിപ്ലവം ജയിക്കട്ടെ.............:)തുടര്‍ന്നുള്ള വിപ്ലവകരമായ രചനകള്‍ക്ക് ആശംസകള്‍

    ReplyDelete