Tuesday, September 25, 2012

ക്ഷണം

പ്രിയേ...

ഞാന്‍ കാവലാളാവാം എന്ന വാക്ക് നല്‍കിയത് മരണത്തോളം മാറ്റമില്ലാത്ത നിന്‍റെ ജീവനാണ്..!


ആകാശത്തിന്‍റെ ഏറ്റവും പരിശുദ്ധമായ കോണില്‍ കോടാനു കോടി വര്‍ഷങ്ങള്‍ക്കപ്പുറം സൃഷ്ടിക്കപ്പെടുകയും ആയിരം മാലാഖമാര്‍ സ്വര്‍ണ്ണ താലങ്ങളില്‍ ഭക്തി നിര്‍ഭരം ഭൂമിയിലേക്ക്‌ ആനയിക്കപ്പെടുകയും ചെയ്ത ജീവന്റെ തുടിപ്പിനെ....!

മാറിക്കൊണ്ടിരിക്കുന്ന നിന്‍റെ മേനിയഴകിനല്ല,

എന്നിട്ടും ഇന്നെന്തേ നീ എന്‍റെ വചനങ്ങളെ തെറ്റിദ്ധരിച്ചിരിക്കുന്നു ?

എന്‍റെ സ്നേഹവും ആദരവും വിഷയാസക്തിയില്‍ എന്നെ സ്വയം മറപ്പിക്കുന്ന നിന്‍റെ ശരീരത്തോടായിരുന്നില്ല, പനിനീര്‍ പൂവിതളുകളേക്കാള് മൃദുലമായ നിന്‍റെ മനസിനോടായിരുന്നു.

നിന്‍റെ വശ്യ സൌന്ദര്യം എന്നില്‍ ജനിപ്പിച്ചത് സിരകളുടെ ചൂടടങ്ങും വരെയുള്ള അല്‍പ നേരത്തെ കൌതുകം മാത്രം..!

നിന്‍റെ ശരീരത്തിന്‍റെ വഞ്ചനകളില്‍ വീഴില്ലെന്ന് ആയിരം വട്ടം പറഞ്ഞിട്ടുള്ളതാണ് ഞാന്‍.. .

നിനക്കറിയില്ലേ, നിന്‍റെ ശരീരത്തെ ഞാന്‍ ഒരിക്കലും ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന്?

ചേതനയുള്ള ശരീരത്തെ പോലും അവഗണനയോടെ കണ്ടവനാണ് ഞാന്‍ എന്നറിഞ്ഞിട്ടും ...

എന്തേ, ഇന്ന് നിന്‍റെ ശവ ശരീരത്തിനും കാവലിരിക്കുവാന്‍ എന്നെ നീ ക്ഷണിക്കുന്നു?

Monday, September 24, 2012

തിരിച്ചറിവുകള്

ഓരോ ദിനവും ധാരണകള്‍ മാറ്റേണ്ടതായി വരുന്നു..! 

ഇന്നലെ കൂറ്റന്‍ തേക്ക്‌ മരത്തെ കടപുഴക്കിയ കാറ്റ് തന്നെയാണ് 

ഇന്ന് ഈ പുല്കൊടികളെ തഴുകി മിനുക്കുന്നതും..!

ഇന്നലെ കടുത്ത ചൂടിലെ ആശ്വാസമായ ഈ തണുപ്പ് തന്നെ
ഇന്നെന്‍റെ ശരീരം മരവിപ്പിക്കുന്നത്..!

ഇന്ന് ഈ തണുത്ത കരങ്ങളുടെ അസഹ്യമായ ഞെരിപ്പില്‍ എന്നെ
സഹായിക്കാന്‍ അണഞ്ഞ ഈ ഇളം ചൂട് നാളെ എന്‍റെ സിരകളിലെ രക്തം ഉരുകിയൊലിപ്പിക്കുകയില്ലെന്നാര് കണ്ടു..?

സ്നേഹത്തിന്‍റെ നേര്‍ത്ത തലോടലുകളായി എന്‍റെ വളര്‍ച്ചക്കൊപ്പം നിന്നവര്‍ ഇപ്പോള്‍ തെരുവുകളില്‍ കൊലവിളികളുമായി എന്നെ കാത്തു നില്പാണ്.

വിരോധാഭാസങ്ങളാണ് ഇവിടെ, നിറഞ്ഞു കവിയുന്ന വിരോധാഭാസങ്ങള്...!

തുണ വേണം എന്ന് ഞാന്‍ കരുതുന്നതിനെക്കാള്‍ തുണ വേണം എനിക്കിപ്പോള്.

മുന്നോട്ടുള്ള യാത്രകളില്‍ മറഞ്ഞിരിക്കുന്നവയെ ഒറ്റയായ് നേരിടാനാവുമെന്നു തോന്നുന്നില്ല.

വിതക്കട്ടെ ഞാന്‍.. , ഒരല്പം സ്നേഹത്തിന്‍റെ വിത്തുകള് ഇവിടെ ..! ആപത്തില്‍ ഓടിയെത്താന്‍ ഒരായിരം പേരെ വേണ്ടി വന്നേക്കാം എനിക്ക്...!

കടം കൊടുക്കട്ടെ ഞാന്‍, ദയയും കരുണയും,
നാളെ അത് പലിശ സഹിതം എനിക്ക് തിരിച്ചു വാങ്ങേണ്ടതായി വന്നേക്കാം...!

Saturday, September 22, 2012

ക്ഷമ

ഇന്ന് ഈ പുലരിയുടെ മുഖം ഒന്ന് കറുത്തിട്ടുണ്ടോ? 

അതോ എന്‍റെ കാഴ്ചകള്‍ ഇരുളുന്നുതോ? 


അറിയില്ല, എന്നാലിപ്പോളും എന്‍റെ കാഴ്ചകള്‍ അവ്യക്തം തന്നെ...!


ഞാനും ഈ മരുഭൂമിയും ഇപ്പോള്‍ ഒരുപോലെയാണ് ..!!!

വരള്‍ച്ചയുടെ ദുര്‍ഗന്ധം പേറുന്ന വേനലില്‍ നിന്നും
സുഗന്ധം പൂശിയൊരുങ്ങി വരുന്ന തണുപ്പുകാലത്തിന്റെ
പദസ്വനം കാതോര്‍ത്തിരിക്കയാണത്.

ഹൃത്തടം നനക്കുന്ന നേട്ടങ്ങളുടെ
ഈറന്‍ സ്വപ്നങ്ങളിലും പ്രത്യാശകളിലുമാണ് ഞാനും..!!!!

സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കാന്‍ വൈകുന്നത്
എന്‍റെ മനസ്സില്‍ ഈര്‍ഷ്യതകളുണ്ടാക്കുമ്പോള് എന്‍റെ വാക്കുകള്‍ പൊട്ടിത്തെറികളാവുന്നത് പോലെ ,

കാത്തിരിപ്പുകളില്‍ ക്ഷമകെട്ട്‌ ശക്തമായ പൊടിക്കാറ്റുകള്‍ സൃഷ്ടിക്കുന്ന ഈ മരുഭൂമിയെ നിങ്ങളും കാണുന്നില്ലേ?

ക്ഷമ പഠിപ്പിക്കുകയാവാം കാലം...!!!

കാത്തിരിപ്പിന്‍റെ സുഖം പകരുന്ന കുഞ്ഞു നോവുകള്‍ നല്‍കി
വരാനിരിക്കുന്ന വന്‍ നേട്ടങ്ങളുടെ മൂല്യം അറിയിക്കുകയുമാണത്...!!!

നേര്‍ത്ത ചാറ്റല്‍ മഴയായി, പിന്നെ തകര്‍ത്തു പെയ്യലായി,
ഉരുകുന്ന മനസിനെ തണുപ്പാര്‍ന്ന കരങ്ങള്‍ കൊണ്ട് തഴുകി
തലോടി ഉണര്‍ത്തുവാന്‍ കാത്തിരിപ്പുണ്ടാവാം മഴ സ്വപ്നങ്ങള്...!

Wednesday, September 19, 2012

വേദന

എന്‍റെ  സ്വപ്നങ്ങള്‍ക്ക് ഇന്നലെ രാത്രിയില്‍ കറുത്ത മുഖം മൂടിയായിരുന്നു. 

പുലരുവോളം കാതുകളില്‍ മുഴങ്ങിയ നിലവിളികള്‍ സൌമ്യയുടെയോ സത്നാമിന്‍റെയോ ?


വീര്യം നിറഞ്ഞ മുദ്രാവാക്യങ്ങള്‍ ചെവിയില്‍ വന്നലച്ചത് ഇറോം ശാര്‍മിളയില്‍ നിന്നോ?


അധിനിവേശത്തിന്‍റെ  ഇരകള്‍ രക്തം വാര്‍ന്നു എന്‍റെ  മുന്‍പില്‍ പിടഞ്ഞത് വിയത്നാമില്‍ നിന്നോ? ലിബിയയില്‍ നിന്നോ? സിറിയയില്‍ നിന്നോ? 


പട്ടിണിക്കോലങ്ങള് മിഴികള്‍ക്ക് മുന്‍പില്‍ നിറഞ്ഞാടി 

യത് സോമാലിയയില്‍ നിന്നോ? എതോപ്യയില്‍ നിന്നോ?

ഉത്സവം കണ്ടെഴുന്നേറ്റ കണ്ണുകള്‍ ചുവന്നത് എന്തുകൊണ്ടാവാം?

ചുവക്കാനും കനക്കാനും ഇനിയുമെത്ര കിടക്കുന്നു എന്ന് കാലം..!

എമാര്‍ജിംഗ് കേരള പദ്ദതിയില്‍ നേത്ര ചികിത്സക്ക് നീക്കി വെപ്പുണ്ടോ ആവോ?

=================================

അദൃശ്യനോട് ...

ചൂടൊന്നു കുറഞ്ഞിട്ടില്ലേ ?

മനസിനകത്തെ അല്ല, ജാലക വെളിയിലെ...!


അല്ലെങ്കിലും അകം പഴുക്കുമ്പോള്‍ പുറം തളിര്‍ക്കും പുറം പഴുക്കുമ്പോള്‍ അകവും.. ! 



ചെറിയൊരു മഴയുടെ കോളുണ്ടെന്നോ ?

ഉള്ളു പൊള്ളുന്നതോ, പുറം കിളിര്‍ക്കുന്നതോ ?

മഴക്കോള് പൊട്ടിത്തെറികളുടെതാവാം, പേമാരിയുടെയും...!

മഴക്കാറോ ? എവിടെ ? എവിടെയാണ് നീയത് കാണുന്നത് ?

അന്തരീക്ഷത്തിന്റെ ചാര നിറം കലര്‍ന്ന ശ്യൂന്യതയിലോ?

അതോ ........... ?

നിറഞ്ഞൊഴുകുന്ന എന്‍ മിഴിക്കോണിലെ നേര്‍ത്ത അശ്രുബിന്ദുക്കള്‍ സൂര്യനോടോതുന്ന പരിഭവങ്ങളുടെ പ്രതിധ്വനികളിലോ ?

ഓ.. കാലമേ...! നീ സ്വപ്നങ്ങളുമായി കടന്നു വന്നതാണെന്നോ?

എന്തിന് ?

പ്രത്യാശകളുടെ വിത്തുകള്‍ പാകി നിരാശയുടെ വിത്തുകള്‍ മുളപ്പിക്കാനോ?

അതോ നിരാശയുടെ മുള വന്ന തളിരുകളില്‍ പ്രത്യാശയുടെ എന്ടോ സള്‍ഫാന്‍ തളിക്കാനോ...?

ഇല്ല, എന്നെ നിര്‍ബന്ധിക്കരുത്. ഞാന്‍ കീട നാശിനി കള്‍ക്ക് എതിരാണല്ലോ..





========================================================================








മാറ്റം.

പമ്പര വിഡ്ഢിയെന്നു മുദ്രകുത്താന്‍ ആയിരുന്നല്ലോ താല്പര്യം..
എന്നിട്ടെന്തേ ഇപ്പോളൊരു മാറ്റം ?

വികസന വിരോധിയെന്നും അപരിഷ്കൃതനെന്നുമാണല്ലോ മുന്‍പ്  പറഞ്ഞത്.. ? 


ഓര്‍ക്കുന്നില്ലേ ? 


എന്നിട്ടെന്തേ നിന്ന് കിതക്കുന്നു ഇപ്പോള്‍.. .? 


കളികൂടുമ്പോളും അടി കൂടുമ്പോളും മാറ്റി നിര്‍ത്തിയിട്ടിപ്പോള്‍... കൂട്ടാവണം എന്നോ ?

എന്ത് പറ്റി അള്‍ഷിമെര്‍സ് പിടിപെട്ടുവോ താങ്കള്‍ക്കും?

പിന്നിലേക്കുള്ള സഞ്ചാരങ്ങളില്‍ ഓര്‍മ്മകളുടെ മിന്നലാട്ടങ്ങലുണ്ടാവില്ലെന്നാണോ ?

പിന്നിട്ട നിന്‍റെ  ജീവിതത്തിന്‍റെ  ഓര്‍മ്മയില്‍, മഴക്കാല രാവുകളില്‍ പൂമുഖപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്നു വിദൂരതയില്‍ കണ്ണയച്ചു സ്വപ്നം കണ്ട അതേ അവിവേകിയായ മനുഷ്യന്‍ തന്നെ ഞാനിന്നും..!

നിന്‍റെ  കണ്ണുകള്‍ എന്തെ കലങ്ങുന്നു. ചുണ്ടുകള്‍ക്കെന്തേ വിറയല്‍ ?

മാറ്റങ്ങള്‍ക്കായി മാറാന്‍ ആജ്ഞാപിച്ചു നടന്നിട്ടിപ്പോള്‍ സ്വയം മാറാന്‍ കഴിയാതെ തളരുന്നുവോ?

അതോ മാറ്റങ്ങള്‍ക്കൊപ്പം മാറിയ മക്കള്‍ മാറ്റത്തിനായി താങ്കളെ മാറ്റി നിര്‍ത്തിയതിന്‍റെ  നോവോ?

മാറേണ്ടവര്‍ തന്നെ നാം . അനാവശ്യങ്ങള്‍ക്കായി അനിവാര്യതകളെ വെടിഞ്ഞല്ല, ആവശ്യങ്ങള്‍ക്കായി അനാവശ്യങ്ങളെ വെടിഞ്ഞ്.

Monday, September 10, 2012

ചാരെയണയുക നീ



നിന്നിൽ നിന്നെൻ സവിധമണയുവാൻ
ഒഴുകും നിളകളോട് പാത തേടുക നീ
അലിഞ്ഞു ചേരേണ്ട സഞ്ചാര പഥങ്ങള്
സ്പഷ്ടമായറിഞ്ഞവരാണവര്

നിന്നിൽ നിന്നും എന്നടുത്തെത്തുവാൻ
ദൂരമളക്കുന്ന തെന്നലുകളുണ്ടല്ലോ..
സ്വപ്നങ്ങളെ കഠിനപ്രയത്നങ്ങളാൽ
കീഴടക്കും സാഹസികരാണവര്

നമുക്കിടയിൽ തടസ്സമാവുന്നത്
ആകാശതാരകളോടാരായുക നീ
രാവിനും പകലിനും മറയാവുന്നത്
കണ്ടു ഖിന്നരായ് നിൽക്കയാണവര്

നമുക്കിടയിൽ കളഞ്ഞു പോയത്
പൂനിലാവറിയുന്നുണ്ടല്ലോ
രാവിനു പൊയ്പ്പോയതൊക്കെയും
തേടിയലഞ്ഞു നടക്കുകയാണത്..

അറിഞ്ഞ്, വീണ്ടും  അടുത്തറിഞ്ഞ്
അന്വേഷിച്ചെന്നിൽ വന്നണയുക നീ
പിന്നെയും അറിഞ്ഞുകൊണ്ടെന്നെ
പ്രണയിക്ക നീയെൻ സഖീ.

കൽ വഴികളിൽ കല്ലു കൊള്ളാതെ
മുൾവഴികളിൽ മുറിവു തട്ടാതെ
സൂര്യതാപത്തിൽ വാടിയുലയാതെ
ചാരെ വന്നു ചേർന്നു നിൽക്ക നീ

നിൻ പദസ്വനം കാതോർത്ത്
 ഞാനിന്നിവിടെയീ പുഴവക്കിൽ.
ഓടിയണയുക നീയെൻ മുന്നിൽ
കടലുകാണാനൊരു ബാല്യവുമായ്.