Monday, October 15, 2012

യാത്ര

എനിക്കൊരു യാത്ര പോകേണ്ടതുണ്ട്... 

ശൈശവത്തിലേക്ക് , ബാല്യത്തിലേക്ക്...

വടവൃക്ഷങ്ങളായ സ്വപ്നങ്ങളില്ലാത്ത താഴ്വരകളിലേക്ക്..

സ്വാര്‍ഥതയും അസൂയയും താന്‍പോരിമയും അലട്ടാത്ത, വിശപ്പും ദാഹവും മാത്രം ശത്രുക്കളായ ഒരു കാലത്തേക്ക്...!

കുഞ്ഞു പുല്കൊടികളായി തളിര്‍ സ്വപ്‌നങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന എന്റെ ഓര്‍മ്മകളുടെ വയല്‍ വരമ്പിലേക്ക്‌....!... ....

അവിടെ എനിക്ക് എന്നെ കാണണം.. 

ബേബി ടീച്ചറെ കാണണം. പ്രിയ മിസിനെ കാണണം..
ഭാസ്കരന്‍ മാഷേ കാണണം, ഹരിദാസ്‌ സാറിനെ കാണണം...

കള്ളപ്പം ചുട്ടു മാടി വിളിച്ചു എന്റെ നെറുകില്‍ വിരലോടിച്ചു സ്നേഹ വാത്സല്യങ്ങള്‍ പകര്‍ന്ന എന്റെ അമ്മാളെ കാണണം...! 

ഓരോ മഴക്കാലത്തും മുറ്റത്ത്‌ വീഴുന്ന ചപ്പിക്കുടിയന്‍ മാങ്ങയും മൂവാണ്ടന്‍ മാങ്ങയും പെറുക്കി വെച്ച് വഴിയിലെ നനഞ്ഞ മണ്ണില്‍ കളിക്കുന്ന ഞങ്ങളുടെ നേര്‍ക്ക്‌ സ്നേഹത്തോടെ നീട്ടുന്ന മാധവിയമ്മയുടെ കരുണയുള്ള കൈകള്‍ കാണണം..

വില്ലാപ്പീസിന്റെ മുന്നിലെ നെല്ലി മരം കാണണം.. നെല്ലി മരത്തില്‍ മരം കുരങ്ങിനെപ്പോള്‍ വലിഞ്ഞു കയറുന്ന എന്നെ കാണണം, കൂട്ടുകാരെ കാണണം.. ഇരു തുടകളിലും വയറിലും നെല്ലിയില്‍ ഉറഞ്ഞ ചുവന്ന തുട്പ്പുകള്‍ കാണണം.

വഴിയിലെ ശവ മഞ്ചം ചുമക്കുന്ന യാത്രകള്‍ കണ്ടു ഭീതിയോടെ മുറിക്കുള്ളില്‍ വിറയോടെ ഇരുന്നു നാമം ജപിക്കണം.. 

ഒക്കെ ഒന്നുകൂടി കണ്ടു, മതി വരുവോളം ആസ്വദിച്ചു തിരിച്ചു വരാനായെങ്കില്....!

1 comment:

  1. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം :)........സസ്നേഹം

    ReplyDelete